Monday, October 27, 2008

സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനത്തിലേയ്ക്ക് സ്വാഗതം.

സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനം 2008 നവമ്പര്‍ 15,16 തീയതികളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ (CUSAT) നടക്കുകയാണ്. സ്വതന്ത്ര സോഫ്റ്റ് വേറിന്‍റെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവായ മുഖ്യമന്ത്രി ശ്രീ. വി. എസ്. അച്ചുതാനന്ദന്‍ തന്നെ അത് ഉല്‍ഘാടനം ചെയ്യുന്നു. സാങ്കേതിക വിദഗ്ദ്ധരും ഉപയോക്താക്കളും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
കേന്ദ്ര സംസ്ഥാന മന്ത്രിമാരും രാഷ്ടീയ പാര്‍ടി നേതാക്കളും വിവിധ വകുപ്പുദ്യോഗസ്ഥരും പൊതുമേഖലാ നടത്തിപ്പുകാരും വ്യവസായ പ്രമുഖരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ബഹുജന സംഘടനാ പ്രവര്‍ത്തകരും വിദഗ്ദ്ധരും പ്രൊഫഷണലുകളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരില്‍ പെടും. വ്യക്തികള്‍ തമ്മിലുള്ള ആശയ വിനിമയവും സര്‍ക്കാര്‍ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും നടത്തിപ്പും തിരിച്ചറിയപ്പെടാത്ത വിധം വിവര സാങ്കേതികവിദ്യയുടേയും സോഫ്റ്റ് വേറിന്‍റേയും വികാസം മാറ്റിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുലും വകുപ്പുകളുടെ ഏകീകരണ-ഉല്‍ഗ്രഥന സാധ്യതകള്‍ അവയെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. സാമൂഹ്യ കൂട്ടായ്മക്ക് പുതിയൊരു മാധ്യമം, പുതിയൊരിടം, പുതിയൊരു വ്യവഹാര രംഗം തന്നെ, കമ്പ്യൂട്ടര്‍ ശ്രൃംഖലയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളും സോഫ്റ്റ് വേര്‍ കുത്തകവല്‍ക്കരണത്തിന്‍റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കുന്നവയാണിന്ന്. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ് വേറിന് ഉപയോഗ സാദ്ധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ് വേറിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
സോഫ്റ്റ് വേര്‍ രംഗം ആഗോള കുത്തകകളുടെ കൈപ്പിടിയിലാണിന്ന്. അവര്‍ക്ക് ലൈസന്‍സ് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടു മിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ് വേര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതര മേഖലകളില്‍ നിന്ന് സോഫ്റ്റ് വേര്‍ മേഖലയിലേയ്ക്കും അവികസിത-വികസ്വര നാടുകളില്‍ നിന്ന് വികസിത നാടുകളിലേയ്ക്കും സമ്പത്ത് ഒഴുകുന്നു. കടുത്ത സാമ്രാജ്യത്വ ചൂഷണത്തിന്‍റെ ഒരു മാര്‍ഗമായി ഇത് മാറിയിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ് വേറിലേയ്ക്ക് മാറിയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. അതിലൂടെ മൊത്തം ചെലവിലുണ്ടാകുന്ന കുറവ് ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ഇന്ത്യന്‍ സേവന ദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോളകുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവര വിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാനേജ് മെന്‍റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവ് മൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്.
അറിവ് സമൂഹത്തിന്‍റെ പൊതുസ്വത്തായിരുന്നു. ഇന്നും ഒട്ടുമിക്കവാറും അത് തന്നെ സ്ഥിതി. പക്ഷെ, പലതും പിടിച്ച് വെച്ച് കുത്തകാവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. സോഫ്റ്റ് വേര്‍ അത്തരമൊന്നാണ്. 1980 കള്‍ വരെ അതും സാമൂഹ്യ ഉടമസ്ഥതയില്‍ തന്നെയായിരുന്നു. തുടര്‍ന്നാണ് സോഫ്റ്റ് വേര്‍ പേറ്റന്‍റിങ്ങ് ആരംഭിച്ചത്. ഇന്ത്യയില്‍ ഇന്നും സോഫ്റ്റ് വേര്‍ പേറ്റന്‍റ് നിയമത്തിന്‍റെ പരിധിയിലല്ല. പരിധിയിലാക്കാനുള്ള ശ്രമം കുത്തകകളുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. അതിനെതിരെ സ്വതന്ത്ര സോഫ്റ്റ് വേര്‍ പ്രവര്‍ത്തകരും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും രംഗത്തുണ്ട്.
നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ് വേറില്‍ യഥാര്‍ത്ഥ അറിവ് നേടാന്‍ സ്വതന്ത്ര സോഫ്റ്റ് വേര്‍ ഉപകരിക്കും. ഇന്നവര്‍ പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകളുടെ ഉള്ളറകള്‍ കാണാതെ പുറം മോടിയും അവയുടെ ഉപയോഗ ക്രമവും മാത്രമാണ് പഠിക്കുന്നത്. മറ്റ് വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്കാകട്ടെ, നിലവില്‍ സോഫ്റ്റ് വേറിന്‍റെ ചെലവ് താങ്ങാനാവത്തത് മൂലം ബന്ധപ്പെട്ട മേഖലകളുടെ പഠനത്തിന് ആവശ്യമായവ ലഭിക്കാതെ പോകുന്നു. സ്വതന്ത്ര സോഫ്ട് വേറിലേയ്ക്കുള്ള മാറ്റം ഈ ദുസ്ഥിതിക്ക് പരിഹാരമാകും.
ശൃംഖലാ സുരക്ഷിതത്വവും വിവര സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതില്‍ സ്വതന്ത്ര സോഫ്റ്റ വേറിനുള്ള സാധ്യത പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകള്‍ക്കില്ല.സാങ്കേതിക വിദ്യയും മൂല കോഡുകളും (Source Code) പഠനത്തിനും ഉപയോഗത്തിനും ലഭ്യമായതിനാല്‍ അതുപയോഗിക്കുന്നവര്‍ക്ക് പുറത്താര്‍ക്കും അറിയാത്ത സ്വന്തം സുരക്ഷാ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാം. ഉപയോഗിക്കാം. സ്വകാര്യ കമ്പനികള്‍ക്കുള്ളിലെ ജയില്‍ സമാനമായ പരിതോവസ്ഥയില്‍ പണിയെടുക്കുന്ന പരിമിതമായ മനുഷ്യ വിഭവത്തിനുണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തിലും കാര്യക്ഷമതയിലും സ്വതന്ത്രമായ ചുറ്റുപാടില്‍ തങ്ങളുടെ സൃഷ്ടിപരമായ കഴിവ് വിനിയോഗിക്കുന്ന എണ്ണമില്ലാത്ത സ്വതന്ത്ര സോഫ്റ്റ് വേര്‍ പ്രൊഫഷണലുകളുടെ കൂട്ടായ്‍മക്ക് പ്രശ്ന പരിഹാരം കാണാനും സോഫ്റ്റ് വേര്‍ വികസിപ്പിക്കാനും കഴിയും. സ്വതന്ത്ര സോഫ്റ്റ് വേറിന്‍റ മികവിനുള്ള അംഗീകാരമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പോലും അവയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് ശൃംഖലാ-വിവര-സുരക്ഷിതത്വമടക്കം ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതില്‍ ചെറുകിട സംരംഭകരുടെ സാധ്യതകളും സ്വാതന്ത്ര്യത്തിന്‍റേയും ജനാധിപത്യത്തിന്‍റേയും മേന്മകളും ഇത് വെളിവാക്കുന്നു.
ഈ സമ്മേളനത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വ കലാശാല സ്ഥാപിക്കുന്ന കേന്ദ്രം സ്വതന്ത്ര സോഫ്റ്റ് വേര്‍ വികസനത്തിലും വ്യാപനത്തിലും മുന്‍കൈയ്യെടുക്കുകയും ആ പ്രസ്ഥാനത്തിന് വലിയൊരു മുന്നേറ്റമുണ്ടാക്കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ ഉതകുന്ന വിദൂര പാഠശാലകള്‍ നടത്തുന്നതടക്കം പല പുതിയ സേവനങ്ങള്‍ക്കും ഈ കേന്ദ്രം ഉപയോഗപ്പെടും. സമ്മേളനം മറ്റൊട്ടേറെ സ്വതന്ത്ര സോഫ്റ്റ് വേര്‍ അധിഷ്ഠിത പരിപാടികള്‍ക്ക് പ്രചോതനമാകും. അത്തരം പല പരിപാടികളും സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെടും.
ഇക്കാരണങ്ങളാല്‍ സമ്മേളനം എല്ലാ വിഭാഗം ജനങ്ങളുടേയും ശ്രദ്ധ ആവശ്യപ്പെടുന്നു. എല്ലാ മേഖലകളുടേയും പ്രതിനിധികളെ സമ്മേളനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൌകര്യം http://nfm2008.atps.in എന്ന സൈറ്റില്‍ ലഭ്യമാണ്.
04842862104 നമ്പറില്‍ വിളിച്ചും രജിസ്റ്റര്‍ ചെയ്യാം.

ജോയ് ജോബ് കുളവേലില്‍ ജോസഫ് തോമസ്
ജനറല്‍ കണ്‍വീനര്‍ കണ്‍വീനര്‍
സംഘാടക സമിതിക്കു വേണ്ടി
27-10-2008. ORGANISERS
---------------------------------------------------------------------------------------------------------------------------------------------------------------------
CUSAT IT@SCHOOL ATPS OSS ICS LTD
---------------------------------------------------------------------------------------------------------------------------------------------------------------------

1 comment:

ടോട്ടോചാന്‍ said...

ദേശീയ സമ്മേളനം ഒരു ആവേശമാകട്ടെ..
ആശംസകള്‍.